കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ ക്വാട്ടയില്‍ ഈ വര്‍ഷവും മാറ്റമുണ്ടാകില്ലെന്ന് സൗദി പ്രഖ്യാപിച്ചതോടെ മലയാളി ഹാജിമാരുടെ എണ്ണവും വര്‍ധിക്കില്ലെന്ന് ഉറപ്പായി. ഹറമിലെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ 20 ശതമാനം കുറവ് വരുത്തിയ നടപടി തുടരുമെന്നാണ് സൗദി പറയുന്നത്.

ഹറമിലെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന സാഹചര്യത്തില്‍ വെട്ടിക്കുറച്ച ക്വാട്ട പുനഃസ്ഥാപിക്കുമെന്ന ഇന്ത്യയുടെ പ്രതീക്ഷയ്ക്കാണ് ഇതോടെ മങ്ങലേറ്റിരിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായെങ്കിലും കഴിഞ്ഞ തവണത്തെ മക്കയിലെ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് സൗദിയുടെ തീരുമാനം. അതുകൊണ്ടാണ് ക്വാട്ട പുനഃസ്ഥാപിക്കുന്ന കാര്യം ഇത്തവണ പരിഗണിക്കേണ്ടെന്ന് അവര്‍ തീരുമാനിച്ചതെന്നാണ് സൂചന.

വെട്ടിക്കുറച്ച ക്വാട്ട പുനഃസ്ഥാപിക്കാത്തതിനാല്‍ കേരളത്തില്‍ നിന്ന് ഇത്തവണയും 6240 പേര്‍ക്ക് മാത്രമാകും ഹജ്ജിനുള്ള അവസരം ലഭിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഇത്തവണ 1,36,020 പേര്‍ക്ക് ഹജ്ജിനുള്ള അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1,00,020 പേര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി തീര്‍ത്ഥാടനത്തിന് തിരിക്കുമ്പോള്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴി 36,000 പേര്‍ക്കാകും ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നതിനുള്ള അവസരമുണ്ടാകുന്നത്. മാര്‍ച്ച് ആദ്യവാരത്തില്‍ നടക്കുന്ന യോഗത്തില്‍ ഇത്തവണത്തെ ക്വാട്ട സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.

ഇന്ത്യയുടെ ഈ വര്‍ഷത്തെ ഹജ്ജ് നിര്‍വഹണവുമായി ബന്ധപ്പെട്ട കരാര്‍ മാര്‍ച്ച് 10 ന് സൗദിയുമായി ഒപ്പിടും. ഇന്ത്യക്ക് അനുവദിച്ച ഹജ്ജ് ക്വാട്ട, യാത്രാ സൗകര്യങ്ങള്‍, താമസത്തിന്റെ വിശദാംശങ്ങള്‍, യാത്രയുടെ തിയതികള്‍ തുടങ്ങിയവയെല്ലാം കരാറില്‍ വ്യക്തമാകും. കേരളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രത്തിന്റെ വിവരവും കരാര്‍ ഒപ്പിടുന്നതോടെ വ്യക്തമാകും.

കേരളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരായി പുനഃസ്ഥാപിക്കുമോയെന്നാണ് അറിയേണ്ട പ്രധാന കാര്യം. കഴിഞ്ഞ വര്‍ഷം നെടുമ്പാശ്ശേരിയിലെ കൊച്ചി വിമാനത്താവളം വഴിയായിരുന്നു ഹജ്ജ് തീര്‍ത്ഥാടകരുടെ യാത്ര. കരിപ്പൂരില്‍ റണ്‍വേ വികസനത്തിന്റെ ഭാഗമായി വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ പറ്റാതിരുന്ന സാഹചര്യത്തിലാണ് ഹജ്ജ് സര്‍വീസുകള്‍ കൊച്ചിയിലേക്ക് മാറ്റിയത്.

എയര്‍ ഇന്ത്യയും സൗദി എയര്‍ലൈന്‍സുമായിരിക്കും ഇത്തവണയും കേരളത്തില്‍ നിന്നുള്ള ഹജ്ജ് സര്‍വീസുകള്‍ നടത്തുന്നത്. മക്കയില്‍ ഹാജിമാരുടെ താമസ സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും കരാര്‍ ഒപ്പിടുന്നതോടെ ലഭിക്കും. 36,000 ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഗ്രീന്‍ കാറ്റഗറിയില്‍ താമസ സൗകര്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹാജിമാര്‍ക്കുള്ള സംസം വെള്ളത്തിന്റെ വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളും കരാറില്‍ വ്യക്തമാകും.